
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകളും" എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശിൽപശാല ജൂലൈ 27, 28 തീയതികളിൽ സംഘടിപ്പിക്കുന്നു.
ബ്ലൂ ഇക്കോണമി മേഖലയിൽ കുസാറ്റും റിപ്പബ്ലിക് ഓഫ് കൊറിയയിലെ പങ്കാളി സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഇൻഡോ-കൊറിയൻ സ്പാർക്ക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. സുസ്ഥിര അക്വാകൾച്ചർ, ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകൾ, നാനോ ടെക്നോളജി, പരിസ്ഥിതി പുനരുദ്ധാരണം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ പുരോഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.
ജൂലൈ 27-ന് രാവിലെ 9 മണിക്ക് കൊച്ചിയിലെ മേഴ്സി ലക്സ്വറി ബിസിനസ് ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസഥാന സർക്കാർ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രി. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും.
ഐ.ഐ.ടി ഖരഗ്പൂർ പ്രൊഫസറും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് പദ്ധതിയുടെ ദേശീയ കോ-ഓർഡിനേറ്ററുമായ പ്രൊഫ. രബിബ്രത മുഖർജി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡീപ് ഓഷ്യൻ മിഷൻ മിഷൻ ഡയറക്ടർ ഡോ. എം. വി. രാമണമൂർത്തി, റിപ്പബ്ലിക് ഓഫ് കൊറിയയിലെ ക്യുങ്പുക്ക് നാഷണൽ സർവകലാശാലയിലെ പ്രൊഫസറും സ്പാർക്ക് പദ്ധതിയുടെ വിദേശ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ഹ്യുൻവൂങ് പാർക്ക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Photo Courtesy - Google







